04:06pm 06 June 2026
NEWS
നിലവിളക്ക് വിവാദം: ഫാത്തിമ തഹ്ലലിയയ്ക്ക് പിന്തുണയുമായി സി.കെ. ഹാരിസ്
06/06/2026  12:26 PM IST
nila
നിലവിളക്ക് വിവാദം: ഫാത്തിമ തഹ്ലലിയയ്ക്ക് പിന്തുണയുമായി സി.കെ. ഹാരിസ്

ഉദ്ഘാടന ചടങ്ങിൽ നിലവിളക്ക് കൊളുത്തിയ മുസ്ലിം ലീഗ് എംഎൽഎ ഫാത്തിമ തഹ്ലലിയയെ പിന്തുണച്ച് ഡി.സി.സി ജനറൽ സെക്രട്ടറി സി.കെ. ഹാരിസ് രംഗത്ത്. വ്യക്തിപരമായ മതവിശ്വാസങ്ങളുടെ പേരിൽ സാമൂഹികവും പൊതുപരവുമായ ചടങ്ങുകളിൽ നിന്ന് ആരെയും മാറ്റിനിർത്താനാകില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

വിവിധ മതങ്ങളിലും വിശ്വാസങ്ങളിലുംപ്പെട്ട ആളുകൾ ഒരുമിച്ച് ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന സമൂഹമാണ് നമ്മുടേതെന്ന് ഹാരിസ് ചൂണ്ടിക്കാട്ടി. പരസ്പര ബഹുമാനവും സഹിഷ്ണുതയും ഉയർത്തിപ്പിടിക്കുന്ന സമീപനമാണ് ഇന്നത്തെ കാലഘട്ടത്തിൽ ഏറ്റവും ആവശ്യമായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പേരാമ്പ്രയിൽ ഒരു റെസ്റ്റോറന്റിന്റെ ഉദ്ഘാടനച്ചടങ്ങിൽ ഫാത്തിമ തഹ്ലലിയ നിലവിളക്ക് കൊളുത്തിയതിനെ തുടർന്നാണ് വിവാദം ഉയർന്നത്. സംഭവത്തെ വിമർശിച്ച് സമസ്ത നേതാവ് ഹമീദ് ഫൈസി ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തിയിരുന്നു. ഒരു മുസ്ലിം ഇത്തരത്തിൽ പ്രവർത്തിക്കുന്നത് ഇസ്ലാമിക വിശ്വാസപരിധിക്ക് പുറത്തേക്കുള്ള നടപടിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

ഇതിനിടെയാണ് മതസൗഹാർദ്ദവും സാമൂഹിക സഹവർത്തിത്വവും മുൻനിർത്തി ഫാത്തിമ തഹ്ലലിയെ പിന്തുണച്ച് സി.കെ. ഹാരിസ് പ്രതികരിച്ചത്.

സി കെ ഹാരിസിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്

വ്യത്യസ്ത മതങ്ങളിലും വിശ്വാസങ്ങളിലുംപെട്ട ജനങ്ങൾ ഒരുമിച്ച് ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന സമൂഹത്തിലാണ് നാം ജീവിക്കുന്നത്. അത്തരം സമൂഹത്തിൽ എല്ലാ വിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്ന ഒരു ജനപ്രതിനിധിക്ക്, തന്റെ വ്യക്തിപരമായ മതവിശ്വാസത്തിന്റെ പേരിൽ പൊതുസമൂഹത്തിന്റെ ചില സാമൂഹിക ചടങ്ങുകളിൽ നിന്ന് പൂർണമായി വിട്ടുനിൽക്കുക എല്ലായ്പ്പോഴും പ്രായോഗികമാകണമെന്നില്ല.

പൊതുപരിപാടികളിൽ നിലവിളക്ക് കൊളുത്തൽ പോലുള്ള ആചാരങ്ങളിൽ പങ്കെടുക്കുന്നത് ഒരു മതവിശ്വാസത്തെ ഉപേക്ഷിക്കുന്നതിന്റെയോ മറ്റൊരു വിശ്വാസം സ്വീകരിക്കുന്നതിന്റെയോ അടയാളമായി കാണേണ്ടതില്ല. മറിച്ച്, വ്യത്യസ്ത വിശ്വാസങ്ങളെയും സംസ്കാരങ്ങളെയും ബഹുമാനിക്കുന്നതിന്റെ ഭാഗമായും സാമൂഹിക ഐക്യം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു സന്ദേശമായും അതിനെ കാണാവുന്നതാണ്.

സമൂഹത്തിന്റെ ഐക്യവും സഹവർത്തിത്വവും കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്തമുള്ളവർ ഇത്തരം വിഷയങ്ങളെ മതപരമായ പരിമിതികൾക്കപ്പുറം സാമൂഹിക യാഥാർത്ഥ്യങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തേണ്ടതുണ്ട്. പരസ്പര ബഹുമാനവും സഹിഷ്ണുതയും ഉയർത്തിപ്പിടിക്കുന്ന സമീപനമാണ് ഇന്നത്തെ കാലഘട്ടം ആവശ്യപ്പെടുന്നത്

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img